കൊച്ചി: ഡിസംബർ അവസാനത്തോടെ സംസ്ഥാനത്ത് വ്യവസായപാര്‍ക്കിനായി ഏറ്റെടുത്ത എല്ലാ സ്ഥലങ്ങളും പൂര്‍ണമായി ഉപയോഗപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി വ്യവസായമന്ത്രി പി രാജീവ്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും വ്യവസായ വകുപ്പിന്റെ നേട്ടങ്ങൾ നാട്ടുകാരെ അറിയിക്കാൻ ഉദ്യോഗസ്ഥര്‍ നേരിട്ടിറങ്ങണമെന്ന് ആഹ്വാനവും ചെയ്തിട്ടുണ്ട് മന്ത്രി. വ്യവസായ വകുപ്പിന്റെ സംരംഭകവര്‍ഷ അവലോകനവും ഭാവി ചര്‍ച്ചയും കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വ്യവസായ സൗഹൃദത്തില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിയതില്‍ മന്ത്രി ജീവനക്കാരെ അഭിനന്ദിച്ചു. വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യം ഇപ്പോള്‍ മൂന്നേകാല്‍ ലക്ഷത്തിലധികം സംരംഭങ്ങളായി മാറിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പിഎംഎഫ്എംഇ (പ്രധാന്‍മന്ത്രി ഫോര്‍മലൈസേഷന്‍ ഓഫ്‌മൈക്രോ ഫുഡ്‌പ്രൊസസിംഗ് ഒണ്‍ട്രപ്രൈസസ്) വെബ്‌സൈറ്റും മന്ത്രി പുറത്തിറക്കി. സംരംഭങ്ങളുടെ എണ്ണത്തില്‍ തിരുവനന്തപുരം ജില്ലയാണ് മുന്‍പന്തിയിലെങ്കില്‍ നിക്ഷേപത്തിന്റെ കാര്യത്തില്‍ എറണാകുളമാണു മുന്നിലെന്നു മന്ത്രി പറഞ്ഞു. ആറുലക്ഷത്തിലധികം തൊഴിലവസരങ്ങളാണു സംരംഭകവര്‍ഷം വഴി സൃഷ്ടിക്കപ്പെട്ടത്. 103988 വനിതാസംരംഭകരാണ് ഇക്കാലയളവില്‍ ഈ രംഗത്തേക്കു വന്നത്. ഇതില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടു വനിതാസംരംഭക സംഗമം ജനുവരിയില്‍ എറണാകുളത്തു നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായവകുപ്പിന്റെ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്കു മാറുകയാണ്. ഇതുവരെ 31 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു. ഈ പാര്‍ക്കുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം വ്യവസായമേഖലയായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
It claims to have created 103988 women entrepreneurs, 6 lakh employment opportunities and 31 private industrial parks.